05:25am 11 November 2026
NEWS
കുടുംബശ്രീ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ കരുത്ത് മന്ത്രി പി രാജീവ്
18/08/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ കരുത്ത്  മന്ത്രി പി രാജീവ്

കളമശ്ശേരി : കുടുംബശ്രീ സംഗമം നടന്നു കളമശ്ശേരി  മണ്ഡലത്തിലെ കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൃഷിക്ക് ഒപ്പം  കളമശ്ശേരി സംഘാടക സമിതിയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആയിരം ഏക്കറിലധികം നെൽകൃഷിയും ആയിരത്തി ഇരുന്നൂറ് ഏക്കറിൽ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാൻ കഴിഞ്ഞു.മണ്ഡലത്തിൽ പരിചിതമല്ലാതിരുന്ന കൂൺ, കൂവ എന്നിവയുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും വലിയ രീതിയിൽ നിരത്തിൽ ഇറക്കാൻ സാധിക്കുന്നുണ്ട്.കർഷകരുടെ ഉത്പന്നങ്ങൾ ശീതീകരിച്ച വാഹനം വഴി വീടുകളിൽ എത്തിക്കുന്ന പദ്ധതിയായ ഫാം ടു കിച്ചൻ ചിങ്ങ മാസത്തിൽ തന്നെ ആരംഭിക്കും.പദ്ധതിയിലൂടെ കർഷകരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കുന്നുകരയിൽ 37.5 ഏക്കറിൽ നിർമ്മാണം ആരംഭിക്കാൻ പോകുന്ന ഭക്ഷ്യ സംരക്ഷണ പാർക്കിന് ഭരണാനുമതിയായി.കളമശ്ശേരിയിലെ എച്ച് എം ടി യിൽ ലുലു ഗ്രൂപ്പിന്റെ 500 കോടി മുതൽ മുടക്കുള്ള ഭക്ഷ്യ സംരക്ഷണ പാർക്ക് കൂടെ വരുന്നതോടെ മണ്ഡലത്തിൽ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു .

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി മണ്ഡലത്തിൽ 3 തൊഴിൽ മേളകളാണ് സംഘടിപ്പിച്ചത് .സെപ്റ്റംബറിൽ പതിനായിരം തൊഴിലവസരങ്ങളിലേക്ക് വിജ്ഞാന കേരളത്തിന്റെ സഹായത്തോടെ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.അദാനി ഗ്രൂപ്പിന്റെ 500 കോടി രൂപ മുതൽ മുടക്കുള്ള 3 ലോജിസ്റ്റിക്സ് പാർക്ക് കരുമാലൂരിലും സമീപ പ്രദേശങ്ങളിലും ആരംഭിക്കാൻ ഭരണാനുമതിയായിട്ടുണ്ട്.ലോജിസ്റ്റിക്സ് മേഖലയിൽ സൗജന്യ പരിശീലനം കൂടി തൊഴിലധിഷ്ഠിതർക്ക് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംഗമത്തിന്റെ ഭാഗമായി മുൻ കില ഡയറക്ടർ ജോയി ഇളമൻ,കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി എം റെജീന തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

തുടർന്ന്  സി ഡി എസ് ചെയർപേഴ്സൺമാരെയും എ ഡി എം സി അമ്പിളി തങ്കപ്പൻ,ജില്ലാ പ്രോജക്ട് മാനേജർ കെ എം അനൂപ് എന്നിവരെ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ റ്റി എം റെജീന കൺവീനർ ആയുള്ള സബ് കമ്മിറ്റിയും രൂപീകരിച്ചു.

ഏലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എ ജെസ്സി,കൃഷിക്ക് ഒപ്പം കളമശ്ശേരി ജനറൽ കൺവീനർ  എം പി വിജയൻ ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ ജോഷി,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ചന്ദ്രൻ,സി ഡി എസ് ചെയർപേഴ്സൺമാരായ രാധാമണി ജെയ്സിങ്,കവിത സാജൻ,ഷീന രജീഷ്,വിനയ സുകുമാരൻ ,സുബൈദ നാസർ,ഫാത്തിമ മുഹമ്മദ്,കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അമ്പിളി തങ്കപ്പൻ ,ജില്ല പ്രോഗ്രാം മാനേജർമാരായ  കെ എം അനൂപ്, അഞ്ജന ഉണ്ണി,ഏലൂർ കൃഷി ഓഫീസർ എയ്ഞ്ചല സിറിയക്,ആത്മ  ബ്ലോക്ക് ടെക്നോളജി മാനേജർ ടി എൻ നിഷിൽ,ഏകോപന സമിതി അംഗം എം കെ രാജേന്ദ്രൻ,സെമിനാർ കമ്മിറ്റി അംഗം രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img